Thursday, December 24, 2009

തിരച്ചില്‍കശുമാവാറ്റിന്‍റെ
അഗ്നി പര്‍വ്വതം പുകയുന്ന,
ഗോവന്‍ ആന്‍റിയുടെ,
പൂമുഖത്ത്....

ജുഹു ബീച്ചിലെ
മുളംകാടിനുമുമ്പില്‍
ഊഴം കാത്തു നില്ക്കുന്ന
നിഴല്‍ രൂപങ്ങള്‍ക്കിടയില്‍...

റയില്‍വേ സ്റ്റേഷനിലെ
കോണിപടിക്കുതാഴെ
ചോരയൊട്ടിക്കിടക്കുന്ന
വെളുത്ത മുണ്ടിനടിയില്‍...

മനോരഞ്ജന്‍പാര്‍ക്കിലെ
ബോഗണ്‍വില്ലകള്‍ക്കിടയില്‍
ജീവിതമൂതി രസിക്കുന്ന
ചരസികളുടെ കൂട്ടത്തില്‍...

പീലഹൌസിലെ*
മോത്തി തിയ്യേറ്ററിനുള്ളില്‍
ചുറ്റി പുണര്‍ന്നു പുളയുന്ന
നിഴല്‍ ചിത്രങ്ങള്‍ക്കുമുമ്പില്‍...

ഇല്ല, ഇവിടെയൊന്നും...


റയില്‍വേ കോളണിയിലെ,
വിയര്‍പ്പു തങ്ങുന്ന
കുടുസ്സുമുറിയില്‍,
ചുണാ,മ്പടര്‍ന്നു ചിതറിയ
തറയില്‍,
ഇരുട്ടിനോടും നിശബ്ദതയോടും
സല്ലപിച്ച്,
സ്വപ്നങ്ങളോട് കലഹിച്ച്,
കിടപ്പുണ്ട്, ഞാന്‍...

*****************
പീലാഹൌസ് : മുംബയിലെ ഒരു വേശ്യാതെരുവ്

Tuesday, December 15, 2009

കരിനാഗങ്ങള്‍ഇത്രമാത്രം
കരിനാഗങ്ങള്‍ എവിടെ നിന്നാണു
വന്നത്?

കൊടിയ വിഷത്തിന്റെ
രസസഞ്ചി പേറി
നിഴലിന്‍റെ മറപറ്റി
ഏതു മാണിക്ക്യകല്ലു തേടിയാണവ
ഇഴഞ്ഞു നീങ്ങുന്നത്?

കുറ്റികാട്ടിനുള്ളില്‍ നിന്നും
ഇലയനക്കം ഞാനും കേട്ടതാണ്......

ദംശനം.....ദംശനം.....ദംശനം.....

എത്രപേര്‍...?
എത്ര തവണ...?

സന്ധ്യയുടെ അവസാനതുള്ളി
രക്തവുമൂറ്റി, ദാഹം തീര്‍ത്ത്,
വിറകൊള്ളുന്ന കടല്‍...

വിയൊര്‍ത്തൊലിച്ച
കാറ്റിന്‍റെ ശീല്‍ക്കാരങ്ങള്‍...

ശാന്തം....ശാന്തം....ശാന്തം....

പൊട്ടിയൊലിക്കുന്ന വഴിവിളക്കിന്‍റെ
ചോട്ടില്‍
ഒട്ടിയ നോട്ടെണ്ണുന്ന
നീലിച്ച ശരീരം.

എത്ര പെട്ടന്നാണ്
രക്തധമനികളില്‍
വിഷം അരിച്ചു കയറിയത്..!

കണ്ണിലെ നക്ഷത്രങ്ങളെല്ലാം
അടര്‍ന്നു വീണത്!

വിവേകത്തിന്‍റെ പടമുരിഞ്ഞു
വികാരം ഫണം വിടര്‍ത്തിയത്!

പാതിപിളര്‍ന്ന നാവ് നീട്ടി,
ഇരുളോരം പറ്റി,
പഞ്ചാരമണലിലൂടെ,
മാണിക്യകല്ലു തേടി,
ഇഴഞ്ഞ്... ഇഴഞ്ഞ് ...ഇഴഞ്ഞ്

(ജുഹുവിലെ സ്ഥിരം കാഴ്ചയാണിത്..)

Saturday, November 14, 2009

പ്രിയേ...കവിതേ....

പ്രിയേ...കവിതേ....
വംശവും നാശവുമില്ലാത്തവളേ...
കനലിലും പൊടിക്കുന്നവളെ...
എന്നാണ്, എന്‍റെ നനവാര്‍ന്ന
ചതുപ്പിലും മുളപൊട്ടുക?

പ്രിയേ...കവിതേ....
ശവപറമ്പിലും കറുകനാമ്പായവളേ,
വിശപ്പിനൊപ്പം ലഹരിയായ്
നുരഞ്ഞവളെ.....
എന്നാണ്, എന്‍റെ തണുത്താറിയ
കഞ്ഞിവെള്ളത്തിലും, കണ്ണിരിനൊപ്പം
ഉപ്പായ് അലിയുക?

പ്രിയേ...കവിതേ...
മുഷിഞ്ഞ തോള്‍ സഞ്ചിക്കൊപ്പം
ഊരു തെണ്ടിയവളെ...
കടത്തിണ്ണയിലും, ചാരായഷാപ്പിലും
വ്യഭിചാരശാലയിലും
അന്തിയുറങ്ങിയവളെ...

ഏതു നട്ടപാതിരക്കാണ്
എന്‍റെ ചെറ്റകുടിലിന്‍റെ
വാതിലും മുട്ടുക ?

Wednesday, September 23, 2009

***അന്നും ഇന്നും***
അന്ന്
അവന്‍റെ പ്രണയം
രക്തത്തിലലിഞ്ഞെന്നു കരുതിയാണ്
കൈ ഞരമ്പ് മുറിച്ചത്

ഒഴുകിയിറങ്ങുന്ന രക്തതുള്ളികളില്‍
കാളകൂടം പോലെ പ്രണയം നുരഞ്ഞു
പൊന്തിയിരുന്നു...

അസ്വസ്ഥതകള്‍ നിറഞ്ഞ്
ഉറക്കമില്ലാത്ത രാവുകളില്‍
കോറിയിട്ട, കണ്ണിരു വീണ്
പടര്‍ന്ന അക്ഷരങ്ങളിലൂടെ
ലോകം എന്‍റെ പ്രണയത്തെ ഊറ്റിക്കുടിക്കും
എന്ന് കരുതിയാണ്
ഡയറി കത്തിച്ചു കളഞ്ഞത്.....

ഇരുട്ടുമാത്രമുള്ള മുറിയില്‍
ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
വേഴ്ച നടത്തിയതിനാണ്
മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്

ഇന്ന്,
ഒരു സ്നേഹമരത്തിന്‍റെ തണലില്‍
അരുമക്കിടാങ്ങളുടേ വാത്സല്യചൂടില്‍
മനസ്സ് നിറഞ്ഞിരിക്കുമ്പോഴും
ഇടതു കൈത്തണ്ടയിലെ ചെറുമുറിപ്പാടിലൂടെ
പ്രണയം പല്ലിളിക്കുന്നു......
മറവിയെ കാര്‍ന്നു തിന്ന്,
വഞ്ചനയുടെ മുഖവുമായി
അതെന്നെ പരിഹസിക്കുന്നു

Thursday, September 17, 2009

വാക്ക്
ഞാനെന്‍റെ വാക്കിനു
പാലും പഴവും
നെയ്യും വയമ്പും നല്‍കി .

കുളിപ്പിച്ച്,
പുത്തനുടുപ്പിച്ച്
സുന്ദരനാക്കി.


ഇരവും പകലും
പിരിയാതെയിരുന്നു
പുസ്തകം തീറ്റി.

നേദിച്ച വെണ്ണയും
സംസം തീര്‍ത്ഥവും
വിശുദ്ധ അപ്പവും
കൊടുത്തു

താടിയും മുടിയും നീട്ടി
ഭസ്മം പൂശി
ദേശാടനത്തിനയച്ചു.


എന്നിട്ടും
നിന്‍റെ വാക്കോളം
വളര്‍ന്നില്ല

ഒടുവില്‍,

കുരുടനാക്കി,
ചെകിടനാക്കി,
മദ്യപനാക്കി,
ഭ്രാന്തനും
പ്രാകൃതനുമാക്കി
വേഷം കെട്ടിച്ചു

എന്നിട്ടും!

ഇനി നഗ്നനായി നടത്തിക്കാം
ആരങ്കിലും കല്ലെറിയാതെയിരിക്കില്ല

Friday, May 29, 2009

നഗരം..ഒരു ദിനംപുലരി,
കട‍തിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മൂരി നിവര്‍ത്തി
വെയില്‍ നോക്കി
പല്ലിളിച്ചു

പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി

സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു

രാവ്
ഇരുളില്‍ നിന്നും
നിഴല്‍ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റി

Monday, January 12, 2009

...പുഴ....തുറിച്ചുന്തിയ കണ്ണില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍
ജീവന്‍റെ ശേഷിപ്പ്.....

വരണ്ടു പൊട്ടിയ ചുണ്ടത്ത്
നനവ് തൊടീച്ച്
വേനലിന്‍റെ കനിവ്

കാലം കഴിഞ്ഞിട്ടും
കുംഭമൊഴിക്കാതെ
ആടിയുടെ ചതിവ്

ശോഷിച്ച ശരീരത്തിലും
ആസക്തി തീര്‍ത്ത്
മനുഷ്യന്‍റെ നെറിവ്

യുഗങ്ങളെ പാലൂട്ടിയൊരമ്മേ
ഇതു നിന്‍റെ ഒടുവ്

ഇനിയെത്തും പകല്‍
നിനക്ക് പട്ടട തീര്‍ക്കും
രാവ് ശവക്കച്ച വിരിക്കും
നാളത്തെ പുലരി തന്നെ
നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....

അതിനു മുമ്പേ
എനിക്കുണ്ണണം
അനേകമാത്മാക്കളെ ഊട്ടിയ
നിന്‍റെ കൈകൊണ്ട്
ഒരുരുള ബലിച്ചോറ്