Tuesday, April 9, 2013

ചേരയും ചെമ്പരത്തിയും



വേലിക്കലെ ചെമ്പരത്തിയും
മുളങ്കാട്ടിലെചേരയും
എപ്പോള്‍, എങ്ങിനെ,
എന്നൊന്നുമറിയില്ല
പ്രണയത്തിലായിരുന്നു..

കരിയിലകൾപ്പോലും
ഉച്ചമയക്കത്തിലേക്കാഴുമ്പോൾ
ചെമ്പരത്തി
ഇതളുകൾ ഒന്ന് കൂടെ വിടർത്തും
ചേര,
പൊത്തിൽ നിന്നും
പുറത്തേയ്ക്ക് തല നീട്ടും

മെലിഞ്ഞ അരക്കെട്ടിൽ
പറ്റി പിടിച്ചങ്ങനെ
അവൻ കിടക്കവേ
അവളുടെ
എല്ലാ ഇലകളും
എഴുന്നേറ്റ് നില്ക്കും
ചോന്ന ഇതളുകൾ
കവിളത്ത് തലോടും

മാപ്ലടെ പറമ്പിൽ നിന്നും
മണപ്പാട്ടെ പറമ്പിലേക്കുള്ള
ഓട്ടത്തിനിടയിൽ
കീരിയാണത് കണ്ടു പിടിച്ചത്

മുവാണ്ടൻ
മാവിന്റെ തുന്നാര കൊമ്പത്ത്
മയക്കത്തിലായിരുന്ന കാറ്റിനെ
എങ്ങനെയോക്കയോ
വിളിച്ചുണർത്തി വാർത്ത കൈമാറി

കാറ്റ് ,കരിയിലകളോട്
കരിയിലകൾ അടക്കാക്കിളികളോട്
അടക്കാക്കിളികൾ , നീരോലിപൂക്കളോട്
നീരോലി പൂക്കൾ , ചിറ്റാമൃത് വള്ളികളോട്
.......................
.......... ...................
വേലിയോട്
.............. ..............
.................
മുളങ്കാടിനോട്‌ .
............... .

പിറ്റെദിവസം
സുബഹിക്ക് പോകുന്ന
മൊയ് ല്ല്യാരാണ്കണ്ടത്
തല്ലു കൊണ്ട് ചതഞ്ഞ് ,
ചത്ത നിലയിൽ,
ചേരയെ,

അമ്പലത്തിലേക്കുള്ള വഴിയെ
പൂജാരിയാണ്‌ കണ്ടത്
വേരറുത്ത് നുറുക്കിയ നിലയിൽ
ചെമ്പരത്തിയെ....

14 comments:

  1. സദാചാരപൊലീസ് വന്നു ആ വഴി

    ReplyDelete
  2. ചേരയെങ്ങാനും വേലിയ്ക്കൽ പാർപ്പുതുടങ്ങിയാലോ..!! ചെമ്പരത്തിക്കമ്പെങ്ങാനും
    മുള്ങ്കാട്ടിലേക്ക് പറിച്ചുനട്ടാലോ..!!

    ന്റെ പടച്ചോനേ... അമ്മേ.. ദേവീ... ഇനിയതു കാണേണ്ടല്ലോ..

    എല്ലാവർക്കും സന്തോഷം. എന്തോരു മതസൗഹാർദ്ദം..!! ദൈവത്തിന്റെ സ്വന്തം നാടല്ലേ..??!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. ഒരുനല്ല കവിത ആസ്വദിച്ചു.അഭിനന്ദനം..

    ReplyDelete
  4. ഞാനറിഞ്ഞെയില്ല അവർ പ്രണയത്തിലാണെന്ന്,
    അജിത്തേട്ടൻ പറഞ്ഞ പോലെ അവിടെയും സദാചാര പോലീസ് .
    ഒരുപാട് ഇഷ്ടായി.
    ഒരുപാട് തവണ വായിച്ചു,:)

    ReplyDelete
  5. രക്തസാക്ഷികള്‍....

    ReplyDelete
  6. കൊള്ളാം...മനോഹരമായ കവിത

    ReplyDelete
  7. ഇന്ന് ഞാൻ ഈ വഴി വന്നു........... നല്ല വരികൾ

    ReplyDelete
  8. നല്ല വരികൾ എനിക്കിഷ്ടപെട്ടു.

    ReplyDelete
  9. .......എനിക്ക് സത്യത്തില്‍ അങ്ങ് കേറുന്നില്ല എന്താണോ ?ക്ഷമിക്കണം ......വാക്കുകള്‍ വരികള്‍ കൊള്ളാം പക്ഷെ കൂട്ടിച്ചേര്‍ത്തു വെച്ച് ഞാന്‍ കഷ്ടത്തിലായി

    ReplyDelete
  10. കൊള്ളാം വ്യത്യസ്തമായ പ്രണയം

    ReplyDelete