Wednesday, February 19, 2014

അച്ചടി



ഒരു പാട് എഴുതുന്ന 
എഴുതിയതൊക്കെ അയച്ച് കൊടുക്കുന്ന 
അയച്ച് കൊടുക്കുന്നതെല്ലാം 
തിരിച്ച് വരുന്ന,
വാശിയോടെ വീണ്ടും വീണ്ടും എഴുതുന്ന 
കൂട്ടുക്കാരാ,

ഇന്നലെ സന്ധ്യയ്ക്ക് 
ഞങ്ങളെ ഒക്കെ അമ്പരപ്പിച്ച് 
നടു റോഡില്‍ 
നീ എഴുതി വെച്ച 
കവിത 
ഇന്നത്തെ എല്ലാ പത്രങ്ങളിലും 
അച്ചടിച്ച് വന്നിരിക്കുന്നു....

Wednesday, July 24, 2013

അമ്മുക്കുട്ടിയും മഴയും



അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു

മഴയും

അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു

മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു

അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി

മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി

അമ്മുക്കുട്ടി
സ്കൂള്‍ മുറ്റത്തെ 
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ 
നോക്കി,

മഴയും

അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
"അമ്മേ കാണന്നേ"ന്ന്
വിതുമ്പാന്‍ തുടങ്ങി

മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
"എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ" ന്ന്
കരയാന്‍ തുടങ്ങി

ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു

മഴ
അക്ഷരങ്ങളിലേക്ക് 
ആർത്തിയോടെ  നോക്കി 
പിന്നേയും 
കരഞ്ഞുകൊണ്ടേയിരുന്നു.

Tuesday, April 9, 2013

ചേരയും ചെമ്പരത്തിയും



വേലിക്കലെ ചെമ്പരത്തിയും
മുളങ്കാട്ടിലെചേരയും
എപ്പോള്‍, എങ്ങിനെ,
എന്നൊന്നുമറിയില്ല
പ്രണയത്തിലായിരുന്നു..

കരിയിലകൾപ്പോലും
ഉച്ചമയക്കത്തിലേക്കാഴുമ്പോൾ
ചെമ്പരത്തി
ഇതളുകൾ ഒന്ന് കൂടെ വിടർത്തും
ചേര,
പൊത്തിൽ നിന്നും
പുറത്തേയ്ക്ക് തല നീട്ടും

മെലിഞ്ഞ അരക്കെട്ടിൽ
പറ്റി പിടിച്ചങ്ങനെ
അവൻ കിടക്കവേ
അവളുടെ
എല്ലാ ഇലകളും
എഴുന്നേറ്റ് നില്ക്കും
ചോന്ന ഇതളുകൾ
കവിളത്ത് തലോടും

മാപ്ലടെ പറമ്പിൽ നിന്നും
മണപ്പാട്ടെ പറമ്പിലേക്കുള്ള
ഓട്ടത്തിനിടയിൽ
കീരിയാണത് കണ്ടു പിടിച്ചത്

മുവാണ്ടൻ
മാവിന്റെ തുന്നാര കൊമ്പത്ത്
മയക്കത്തിലായിരുന്ന കാറ്റിനെ
എങ്ങനെയോക്കയോ
വിളിച്ചുണർത്തി വാർത്ത കൈമാറി

കാറ്റ് ,കരിയിലകളോട്
കരിയിലകൾ അടക്കാക്കിളികളോട്
അടക്കാക്കിളികൾ , നീരോലിപൂക്കളോട്
നീരോലി പൂക്കൾ , ചിറ്റാമൃത് വള്ളികളോട്
.......................
.......... ...................
വേലിയോട്
.............. ..............
.................
മുളങ്കാടിനോട്‌ .
............... .

പിറ്റെദിവസം
സുബഹിക്ക് പോകുന്ന
മൊയ് ല്ല്യാരാണ്കണ്ടത്
തല്ലു കൊണ്ട് ചതഞ്ഞ് ,
ചത്ത നിലയിൽ,
ചേരയെ,

അമ്പലത്തിലേക്കുള്ള വഴിയെ
പൂജാരിയാണ്‌ കണ്ടത്
വേരറുത്ത് നുറുക്കിയ നിലയിൽ
ചെമ്പരത്തിയെ....

Tuesday, March 26, 2013

ദോശ





എങ്ങനെയൊക്കെ,
താഴിട്ടടച്ചാലും
രാത്രി, പിന്നാമ്പുറവാതിലിലൂടെ
അടുക്കളയിലേയ്ക്ക്,
ളിച്ച് കടക്കും ...

വിതിനപ്പുറത്ത്
കാല്‍ കയറ്റി വെച്ച്
നിലാവ് കലക്കി
വിസ്തരിച്ച്
ദോശ ചുടും..

മൊരിഞ്ഞ
കഷണങ്ങള്‍
ചടുകം കൊണ്ടടര്‍ത്തി
മരയഴി വാതിലിലൂടെ
പുറത്തേയ്ക്കെറിയും..

രാത്രിയുടെ
അരുമ കുഞ്ഞുങ്ങള്‍
അരിച്ചും
ഇഴഞ്ഞും
പറന്നും വന്നെത്തും 
വരി വരിയായ് നിന്ന് ,
വയറു നിറയെ രുചിക്കും

ഒരൂസം
കൊതി മൂത്ത്
അമ്മയോട് കൊഞ്ചി
"അമ്മേ, അമ്മേ,
നാളെ ,
അരിമാവോണ്ട് വേണ്ട,
നിലാവോണ്ട് മതി
നമ്മക്ക് ദോശ "

"പോടാ നൊസ്സാ"
കവിളത്തൊരു നുള്ള്,

വിതുമ്പലടക്കി 
കണ്ണു തുടച്ച്
പുറത്തേയ്ക്ക് നോക്കിയപ്പോഴതാ
ആകാശത്തിന്‍റെ കിഴക്കേ അറ്റത്ത്
വലുപ്പത്തിലൊരു
മസാലദോശ ചുട്ട് 
രാത്രി
എന്നെ, മാടി വിളിക്കുന്നു..

Tuesday, January 22, 2013

കുഞ്ഞ്



നമ്മുക്കൊരു കുഞ്ഞിനെ വേണം
നീട്ടി കണ്ണെഴുതണം
വട്ടപ്പൊട്ട് തൊടേണം

പട്ടുനൂല്‍ ഇഴനെയ്ത കുഞ്ഞുടുപ്പ്
വേണം
കൈത്തണ്ട മറയെ കരിവള
വേണം
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കേണം
കരയുമ്പോള്‍ നെഞ്ചോട് ചേര്‍ക്കേണം

നമ്മുക്കൊരു കുഞ്ഞിനെ വേണം

അല്ലാ,
അതിനെ എന്‍റെ വീട്ടിലേക്ക്
കൊണ്ട് വരാന്‍ എന്‍റെ,യവളോ
നിന്‍റെ വീട്ടിലേക്ക് കൊണ്ട് ചെല്ലാന്‍
നിന്‍റെ,യവനോ
സമ്മതിയ്ക്കുമോ?

Monday, November 26, 2012

എന്റെ " മരിച്ചവര്‍ കൊണ്ട് പോകുന്നത് "എന്ന കവിത പ്രഥമ  സമാഹാരത്തിന്റെ പ്രകാശനം എട പ്പാളില്‍ വെച്ച് നടന്നു. ശിവ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഉം സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ ,  കവി പി. രാമന് ആദ്യ പ്രതി നെല്കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു . നിരൂപകന്‍ വിജു വി നായരങ്ങാടി പുസ്തക പരിചയം നിര്‍വഹിച്ച ചടങ്ങില്‍ , പി പി രാമചന്ദ്രന്‍, കുഴൂര്‍ വില്‍‌സണ്‍ , വിഷ്ണുപ്രസാദ്‌, വി മോഹനകൃഷ്ണന്‍ , വി പി ഷൌക്കത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു.













അവതാരിക : പി എന്‍ ഗോപികൃഷ്ണന്‍ 
വിതരണം : പായല്‍ ബുക്ക്സ് കണ്ണൂര്‍ 
വില : 50/-


Saturday, November 3, 2012

ക്വ ട്ടേ ഷ ന്‍

എത്രകാലമായിങ്ങനെ 
നിന്റെ പിറകെ,
നീയോ.....? 

ഒടുക്കം ഞാന്‍ അതങ്ങ് 
ചെയ്തു......

ഒരു മഴ
വഴിനീളെ 
നിന്നെ പിന്തുടരുന്നുവെങ്കില്‍ 
സൂക്ഷിച്ചോ,
അതെന്റെ ക്വട്ടേഷനാ ...... 

ഒരു കാറ്റ് 
അറിയാത്ത ഭാവത്തില്‍ 
നിന്റെ തട്ടി കടന്നു 
പോവുന്നെങ്കില്‍ 
സൂക്ഷിച്ചോ,

അതും എന്റെ ക്വട്ടേഷനാ ... 

ഒരു വെയില്‍
വിലാസം ചോദിക്കാനെന്ന 
നാട്യത്തില്‍ 
നിന്നെ സമീപിക്കുന്നെങ്കില്‍ 
സൂക്ഷിച്ചോ,
എന്റെ ക്വട്ടേഷന്‍ തന്നെ ...

വഴിവക്കില്‍
തണല്‍ വിരിക്കാന്‍ എന്ന ഭാവത്തില്‍ 
നില്‍ക്കുന്ന 
ആ പൂമരം ഉണ്ടല്ലോ ?
എന്റെ ക്വട്ടേഷനാ .....

പാത മുക്കില്‍ 
തീറ്റ തേടാന്‍ എന്ന വ്യാജേന 
ചിറകു കുടഞ്ഞിരിക്കുന്ന 
മൈന കൂട്ടങ്ങള്‍ ഇല്ലേ ?
എന്റെ ക്വട്ടേഷനാ !

നിന്റെ ഉറക്കത്തിന്റെ 

ആളൊഴിഞ്ഞ കവലയില്‍ വെച്ച് 
അവര്‍ നിന്നെ വളയും

ഞാന്‍ കൊടുത്തയച്ച 
മൂര്‍ച്ചയുള്ള സ്വപ്ങ്ങള്‍ കൊണ്ട്
നിനക്കിട്ട് പണിയും

ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍
ചുറ്റിലും ചിതറിതെറിച്ചത്
എണ്ണി നോക്കണേ.... 
അന്‍പത്തിയൊന്നു റോസാപൂക്കള്‍ 
തന്നെ ഉണ്ടോയെന്ന്‍,.............

Monday, July 9, 2012

ബ്രേക്കിംഗ് ന്യൂസ്‌





നന്നേ രാവിലെ

സ്കൂളിലേക്കുള്ള വഴിയില്‍

ഒരു കുഞ്ഞു മഴ

വിതുമ്പിക്കരയുന്നു.



ഇന്നലെ രാവോളം

തോരാതെ തല തല്ലി

കരഞ്ഞൊടുങ്ങിയ

അമ്മമഴയെ തേടി

ഇറങ്ങിയതാവണം.



കരിവീട്ടികള്‍ക്കപ്പുറം

തൂവാക്കൊടിച്ചികള്‍ക്കിടയിലൂടെ

ഒരു കാറ്റ് അവളെ

നോട്ടമിട്ടു കഴിഞ്ഞു.



നാളെ

ഏതു പൊന്തയില്‍ നിന്ന്

ഏതു നിലയില്‍

കണ്ടെത്തിയെന്ന്

ഏതു ചാനലാവും

ആദ്യം റിപ്പോര്‍ട്ട് ചെയ്യുക?

Thursday, May 24, 2012

മത്തവള്ളി





വെയില് മുഴവന്‍ കൊണ്ടാ

കിളച്ചത് ,

ഇല്ലാത്ത കാശിറക്കിയാ

നനവും വളവും കൊടുത്തത്

വിയര്‍പ്പുരുക്കി തൂവിയാ

പരിപാലിച്ചത്

പുരക്കു വെച്ചത് എടുത്താ

പന്തലിട്ടത്

എന്നിട്ടിപ്പോ എന്തായി ?.

വേലിയും മതിലും ചാടി

അങ്ങേ പറമ്പിലെ

ചാമ്പ മരത്തെ ചുറ്റി

പൂവിട്ടു നില്‍ക്കുന്നു

എന്റെ സ്വന്തം മത്തവള്ളി

Thursday, May 10, 2012

'വീണ' പൂവ്






ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ആരായിരിക്കും ?



കാലില്‍ പുരണ്ട

പൂമ്പൊടിയുടെ തെളിവില്‍

പൂമ്പാറ്റയാണെന്ന് ...



ഇടയ്ക്കിടെ

വഴക്കിട്ടിരുന്നു വെന്ന

ദൃക്സാക്ഷി മൊഴിയില്‍

കാറ്റാണെന്ന്...



ഒരു കരിവണ്ട്

തണ്ടുകള്‍ക്കിടയിലൂടെ

പൂവിനെ ലക്ഷ്യമാക്കി

നീങ്ങിയിരുന്നുവേത്രേ !



ഇലകള്‍ ക്കടിയില്‍

അങ്ങിങ്ങ്

ഉറുമ്പിന്‍ പറ്റങ്ങള്‍

തമ്പടിച്ചിരുന്നുവെത്രേ !



പകല്‍ മുഴവന്‍

വെളുക്കെ ചിരിച്ച്

കൂടെ തന്നെ ഉണ്ടായിരുന്ന

വെയിലിനെ

അന്തിക്ക് ശേഷം

കാന്മാനില്ലത്രേ !





ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ഇവര്‍ ആരുമല്ലാതെ

ആരായിരിക്കും ?

Friday, March 9, 2012

പാഴ്മരം




ഒരു മുല്ല വള്ളി
കുഞ്ഞി കൈ നീട്ടി
വിരല്‍ തുമ്പ് പിടിക്കുന്നതിലും ,

ഒരു അണ്ണാറക്കണ്ണന്‍
വാതോരാതെ ചിലച്ച് ,
വയറു നിറക്കുന്നതിലും

ഒരു കുറുമ്പി കാക്ക
ചുള്ളി കമ്പുകള്‍ കൂട്ടി വെച്ച്
കൂടൊരുക്കുന്നതിലും

ഒരു വായാടി കാറ്റ്
വേലിക്കപ്പുറം നിന്ന്
കിസ പറയുന്നതിലും

ഒരു കുസൃതി കുട്ടന്‍
താഴ്ന്ന ചില്ലകളില്‍ ഒന്നില്‍
ഊഞ്ഞാലാടി കളിക്കുന്നതിലും

സന്തോഷമെന്തുണ്ട്
ഒരു പാഴ്മരത്തിന്?

Tuesday, February 21, 2012

പാരായണം

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രപാരായണം ചെയ്യുന്നു,
മദ്ധ്യാഹ്നവെയില്‍.....

ആരയോ പേടിച്ച്
എവിടെയോ ഒളിച്ചിരുന്ന
കരിമൂര്‍ഖന്‍
പത്തി വിടര്‍ത്തി,
നെല്ല് ചികയുകയായിരുന്ന
കോഴിയമ്മയിലേക്ക്....

നെല്ലിത്തയ്യോട് ചേര്‍ന്നിരുന്ന്,
കിസ പറയുകയായിരുന്ന കാറ്റ്,
ഡാര്‍വ്വിനെ പഠിക്കുകയായിരുന്ന
വെള്ളരി പ്രാവിലേക്ക് ....


ഏറുകൊണ്ടും,പട്ടിണിക്കിടന്നും
ചാവാറായ ചാവാലി നായ
ഇളം പുല്ലു രുചിച്ചുകൊണ്ടിരിക്കുന്ന
നന്ദിനിക്കുട്ടിയിലേക്ക് .....

കിട്ടാന്‍ പോകുന്ന മുള്ളിന്‍റെ
രുചിയോര്‍ത്ത് ,
കൈ നുണഞ്ഞിരുന്ന കണ്ടന്‍
വിറളിപിടിച്ച്, കാക്ക പറ്റത്തിലേക്ക് ...

ഓലത്തുഞ്ചത്ത് ,
കൊട്ടുവായിട്ടിരുന്ന പ്രാപ്പിടിയന്‍
മണ്ണുവാരി കളിച്ചിരിക്കുന്ന
അണ്ണാറക്കണ്ണനിലേക്ക് ....

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രം വായിച്ചു ,
രസിച്ചിരിക്കയാണ് , ഇപ്പോഴും .
മദ്ധ്യാഹ്നവെയില്‍.....

Sunday, February 5, 2012

കീരി





ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട്
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും
അവിടെ നിന്ന്‍ മനക്കിലേയ്ക്കുമുള്ള
നിന്റെ ശരവേഗപ്പാച്ചില്‍ .

പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .

ആഞ്ഞില് കടഞ്ഞ
മരയഴി തകര്‍ത്ത്
കോഴി പറ്റങ്ങളെയെല്ലാം
മോചിപ്പിച്ചിട്ടുണ്ട്

കമ്മ്യുണിസ്റ്റ് പച്ചകളും
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക്
വീറോടെ ജാഥ നയിച്ചിട്ടുണ്ട്

എല്ലാം ശരി തന്നെ..


ഇന്നീ പഞ്ചായത്ത് റോഡില്‍
നമ്പര്‍ പ്ലേറ്റില്ലാ
വാഹനമിടിച്ച്
ചത്ത്‌ മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം
നീ പഠിക്കേണ്ടിയിരുന്നു
ആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം

Friday, January 6, 2012

കുന്ന്




അന്തിക്ക്
ദേഹാസകലം മഞ്ഞള് തേക്കും

രാവില്‍
നിലാ വെണ്ണ നെറുകില്‍ പൊത്തി
മുടി വേറെടുക്കും

ഏഴര വെളുപ്പിന്
തെളിന്നീരില്‍, വിസ്തരിച്ച്
കുളി

ഉലരാത്ത മുടിനിറയെ
കണ്ണാന്തളി ചൂടും

ചെമ്മേഘങ്ങളില്‍ വിരല്‍ തൊട്ടു
നീട്ടി കുറി വരക്കും

പ്രാണന്റെ ചെറു മിടിപ്പുകള്‍ പോലും
നിന്റെ പ്രശാന്തതയില്‍ നിന്ന്
ചിറകടിച്ചുയരുന്നത്
പ്രകൃതി വിസ്മയത്തോടെ
നോക്കി നില്‍ക്കും...

അല്ലാ....,
ഇപ്പോള്‍ നീ ഏതെണ്ണയാ തേക്കുന്നത് ?
ഏത് വെള്ളത്തിലാ കുളിക്കുന്നത്
മുടി മുക്കാലും പോയല്ലോ
ബാക്കി ഉള്ളതെല്ലാം നരച്ചല്ലോ ....

Monday, December 26, 2011

അതിനിടയില്‍ സംഭവിച്ചത്




പുലരി വന്നു
കാറ്റിനെ കൂട് തുറന്ന് വിട്ടു
പൂക്കളെ കുലുക്കിയുണര്‍ത്തി
മഴയെ സ്കൂളിലേക്കും
വെയിലിനെ പാടത്തേക്കും
പറഞ്ഞു വിട്ടു ..

നട്ടുച്ച വന്നു
വഴി നീളെ വെളുത്ത പീലികള്‍ കൊഴിച്ചു .
പൂച്ചയെ പോലെ ഉത്തരത്തിലൂടെ
നുഴ്ന്നിറങ്ങി,
അടുക്കള പഴുതിലൂടെ പുറത്തു ചാടി ..

അന്തി വന്നു
ചെമ്പരത്തി കാട്ടിലെ ഇഴജാതി ക്കൊപ്പം
കരിയിലകളില്‍ ഒളിച്ചു കളിച്ചു
തുളസി ചോട്ടിലെ തിരി കൊത്തി
മേലോട്ടുയര്‍ന്നു
ആകാശത്തിലെ കൂരകള്‍ക്കെല്ലാം
തീപിടിച്ചു .

അതിനിടയില്‍ എന്തൊക്കെയാണ്
സംഭവിച്ചത് ?
ആരോക്കയോ മരണപ്പെട്ടു
പലരും പലരും കൊലചെയ്യപ്പെട്ടു
ചിലരെ കാണാതായി
മറ്റു ചിലര്‍ സ്വയമോടുങ്ങി .

നോക്കിക്കേ
വല്ല കൂസലും ഉണ്ടോയെന്ന്!!!

ഏതെങ്കിലും ഒരു ആക്രമണത്തില്‍
കാലത്തിനും പരിക്ക് പറ്റണം
അലെങ്കില്‍
ഒരു മറാരോഗം പിടിപെട്ടു
കിടപ്പിലാവണം..

നോക്കാമല്ലോ
അന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് ...

Saturday, December 10, 2011

"റിസര്‍വ്"





കയ്യെത്താവുന്നിടത്തൊക്കെ
തണലൊരുക്കാറുണ്ട്

തന്നാലാവും വിധം
പൂക്കുകയും കായ്‌ക്കുകയും ചെയ്യാറുണ്ട്

തല ചായ്കാന്‍ ഇടം തേടി വന്നവര്‍ക്കൊക്കെ
വീടും വിരുന്നും ഒരുക്കിയിട്ടുണ്ട്

കാലം തെറ്റി വന്ന്
ഇളം പൂക്കളെയെല്ലാം
കൊഴിച്ചിട്ടും
മഴയോടോ ,

ഉണ്ണിക്കനികളെ മുഴുവന്‍
തള്ളി വീഴ്ത്തിയിട്ടിടും
കാറ്റിനോടോ
പരിഭവിച്ചിട്ടില്ല

പച്ചക്ക് നുറുങ്ങുമ്പോഴും
ഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..

തീര്‍ച്ചയായും
ചിത്ര ഗുപ്തന്റെ കണക്കു പുസ്തകത്തില്‍
മരങ്ങളുടെ സ്ഥാനം
സ്വര്‍ഗത്തില്‍ തന്നെ

അത് കൊണ്ടാണേ
മുറ്റത്ത്‌ കോടി കായ്ച്ചു നില്‍ക്കുന്ന
മുവാണ്ടാനെ ഞാന്‍ ഇപ്പോഴേ
"റിസര്‍വ്" ചെയ്തത് !

Friday, November 25, 2011

ഓര്‍മ്മത്തെറ്റ്




ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .

പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...

തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?

പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?

ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......

അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

Wednesday, November 16, 2011

തനിനിറം





മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?

ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."


മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...

"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..

പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

Friday, November 4, 2011

അമ്മക്കാഴ്ചകള്‍




അമ്മേ,
ഓരോ മുറിയിലും പതറി നടന്ന്
പരതുന്നത് ആരെയാണ് ?

വടക്കിനിയിലെ വാതില്‍ പൊളിക്കു
പിന്നില്‍
ആരും ഒളിച്ചിരിപ്പില്ലമ്മേ ...
അടുക്കളയില്‍ പഞ്ചാര പാത്രം
തൂവി പോയിട്ടുമില്ല.

നോക്കമ്മേ,
ഇടനാഴിയില്‍, വടക്കേ അറയില്‍ ,
കിഴക്കിനിയില്‍ ,
എവിടെയും, കൂവ്വപ്പീപ്പി യോ
ഓലപ്പമ്പരമോ , പ്ലാവില തൊപ്പിയോ
ചിതറിക്കിടപ്പില്ല.

ചുമരില്‍ ചെങ്കലുകൊണ്ട്
വികൃതമായ് കോറിയ
ആദ്യക്ഷര കൌതുകങ്ങളില്ല .
വിളറിയ നേര്യെതിന്‍
തുമ്പത്ത്,
അഴുക്കു പുരണ്ട
കുഞ്ഞു വിരലുകളില്ല .

തൊടിയില്‍ ,
കൃഷ്ണക്കിരീടവും , സൂര്യകാന്തിയും ,
പത്തു മണി പൂവും , നന്ത്യാര്‍വട്ടവും
വിരിഞ്ഞിട്ടില്ല .

കാറ്റില്‍ വീഴുന്ന ഓരോ
മാമ്പഴവും
മാഞ്ചോട്ടില്‍ തന്നെ കിടപ്പുണ്ടമ്മേ ...

ഇറയത്ത്‌ തിരുകിയ വടിയില്‍
കൈയും വെച്ച്
ആരെയാണമ്മേ കാത്തിരിക്കുന്നത് ?
മുട്ടോളം പുരണ്ട
പൂഴിമണല്‍ കാലുമായി
അമ്മയുടെ മകന്‍ കയറി വരില്ലമ്മേ....

വഴിത്തെറ്റി പോയ കാലത്തെ
നേര്‍വഴിയെ കൊണ്ട് വരാന്‍
ഒരു വടിയൊടിക്കമ്മേ...

Wednesday, August 17, 2011

തുമ്പക്കുടം





അത്തപൂവിളിക്ക്
കാതോര്‍ത്തു
കണ്‍ നീട്ടി
ഒരു പാവം തുമ്പക്കുടം.

ഉള്ളിലുണ്ട്
കേട്ടറിഞ്ഞ ഓണശീലുകള്‍
ആരവങ്ങള്‍,
ആഹ്ലാദങ്ങള്‍...
ഇടവഴികള്‍ താണ്ടിയെത്തുന്ന
നന്മയുടെ ഓലകുട.

ഓരോ കാലൊച്ചയും
അടുത്തണയുമ്പോള്‍
ആശ്വസിക്കും.
കണ്ണടച്ച്,
പ്രാര്‍ത്ഥിച്ച്
കാത്തിരിക്കും
ഒരു ഉണ്ണികൈ സ്പര്‍ശം

പൂവട്ടിയില്‍
ഒരു രാത്രി
പൂക്കളത്തില്‍
ഒരു പകല്‍
അത്രയും മതി ...

തെക്കേ പറമ്പിലെ
തുമ്പ നാമ്പേ
നീ കിളിര്‍ത്തതു
ആണ്ടു തികയാത്ത മുത്തശ്ശിയുടെ
നെഞ്ചത്ത് തന്നെയായതു
നന്നായി
അലെങ്കില്‍ എന്നേ.......

Monday, August 1, 2011

ഓര്‍മ്മകളുടെ പള്ളികൂടം ...................




ഓര്‍മ്മകളുടെ പള്ളികൂടം
ചോര്‍ന്നോലിക്കുന്നു
കുഞ്ഞുടുപ്പുകള്‍ നനയുന്നു.
കുഞ്ഞിച്ചിറകുകള്‍ നനയുന്നു.
സ്ലേറ്റും മഷിത്തണ്ടും പെന്‍സിലും
നനയുന്നു.
'അ' യും 'ഇ' യും' ഉ' വും
നനയുന്നു.
വാസുക്കുട്ടനും റഷീദും
ഖദീജയും നനയുന്നു
സരോജിനി ടീച്ചര്‍ നനയുന്നു
ഞാനും നീയും നനയുന്നു
നമ്മുടെ ബാല്യം നനയുന്നു
ബാല്യത്തിന്റെ ചിരി നനയുന്നു...

ഓര്‍മ്മകളുടെ പള്ളികൂടം ...................

Monday, July 25, 2011

കവി




അമ്മക്ക്
ചൊല്ലുള്ളി ഇല്ലാത്ത ചെക്കന്‍

അച്ഛന്
ആകെ പറ്റിയൊരു അബദ്ധം

എട്ടന്
മാനം കെടുത്താനൊരു ജന്മം

പെങ്ങള്‍ക്ക്
ഊരു തെണ്ടി ...

നാട്ടാര്‍ക്ക്
അരവട്ടന്‍..

അവള്‍ക്ക്‌
അവള്‍ക്കു മാത്രം
കവി ......

Monday, July 18, 2011

കസേരകള്‍




വീടിനുള്ളില്‍
പുതിയ കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പിഞ്ചു കുഞ്ഞിനെക്കാളും
മൃദുവായ കുഷ്യനോട് കൂടിയത് ,

ഇരിപ്പിടമായും
കിടക്കയായും
ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നത്‌,

സൗകര്യം പോലെ
നിവര്‍ത്താനും ചുരുക്കാനും
കഴിയുന്നത്‌ ,

സ്വിച്ച് ഇട്ടാല്‍
പതിയെ ഊഞ്ഞാലാട്ടുന്നത്

സിംഹാസനം പോലെ
തലയെടുപ്പുള്ളത്.

അവള്‍ പറയുന്നത് ശരിയാണ്
വലിച്ചെറിയണം,
വിരുന്നുകാര്‍ കാണാതെ ,
അകമുറിയിലൊളിപ്പിച്ച,
ഒറ്റക്കാലൊടിഞ്ഞ
രണ്ട് കസേരകളും......

Sunday, July 10, 2011

തേവിടിശ്ശി പൂവ്




തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !

ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍
വനജേച്ചിയില്‍ കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ....

എത്ര നോക്കി നിന്നിട്ടുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
ചുറ്റി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...

ഉം .........

എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ..............

-- തേവിടിശ്ശി പൂവ് : അരി പൂവ്, കൊങ്ങിണി പൂവ്, കമ്മല്‍ പൂവ്

Saturday, July 2, 2011

കാറ്റും ഞാനും




കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്‍റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?

പകരം നീ എത്ര തവണ
എന്‍റെ ജനാല കൊട്ടിയടച്ചു?
മേശപ്പുറത്തെ കുത്തിക്കുറിപ്പുകളെല്ലാം
വലിച്ച് താഴെയിട്ടു?
മാഞ്ചില്ല കുലുക്കി
പൂവെല്ലാം കൊഴിച്ചു?
മഴയെ കൂട്ടുപിടിച്ച്
കുട തട്ടിതെറിപ്പിച്ചു
ഞാന്‍ എന്തെങ്കിലും പറഞ്ഞോ?

എനിക്കറിയാം
നിന്‍റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
അതിലെങ്ങാനും തൊട്ടാല്‍
കാറ്റേ, നിന്‍റെ ചെവി ഞാന്‍ പൊന്നാക്കും
അതവിടെ ഇതളും നീട്ടി
നിന്നോട്ടെ, പാവം!!!

Sunday, June 26, 2011

മഴ കാണുന്ന പെണ്‍കുട്ടികള്‍




ഓരോ മഴ പെയ്യുമ്പോഴും
ജനല്‍ പാളി തുറന്ന്,
പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും
പ്രണയം കണ്ട്,
സ്വപ്നം നെയ്യുന്ന പെണ്‍കുട്ടീ .....

അകലെ,
നിന്റെ അതേ പ്രായത്തില്‍ ഒരുവള്‍
കടല്‍ വക്കിലെ കൂരയിലിരുന്നു
മഴയെ നോക്കി പിറുപിറുക്കുന്നത്
എന്തായിരിക്കും ?

Wednesday, May 18, 2011

അഭയാര്‍ഥികള്‍




പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

Wednesday, May 4, 2011

വാല്



എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!

Tuesday, March 22, 2011

ട്രാക്കില്‍ കണ്ടത്




മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !


തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

"അച്ഛാ" യെന്ന് മക്കളും
"ചേട്ടാ" യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
"പറ്റിച്ചേ " യെന്ന് പൊട്ടിച്ചിരിക്കണേ നിഷ്കളങ്കാ ... ..

Thursday, December 9, 2010

മരിച്ചവര്‍ കൊണ്ടുപോകുന്നത്




ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

നാരായണന്‍ നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന്‍ കുന്ന്

...........................
............................
.........................

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?