Wednesday, July 24, 2013

അമ്മുക്കുട്ടിയും മഴയും



അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു

മഴയും

അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു

മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു

അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി

മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി

അമ്മുക്കുട്ടി
സ്കൂള്‍ മുറ്റത്തെ 
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ 
നോക്കി,

മഴയും

അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
"അമ്മേ കാണന്നേ"ന്ന്
വിതുമ്പാന്‍ തുടങ്ങി

മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
"എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ" ന്ന്
കരയാന്‍ തുടങ്ങി

ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു

മഴ
അക്ഷരങ്ങളിലേക്ക് 
ആർത്തിയോടെ  നോക്കി 
പിന്നേയും 
കരഞ്ഞുകൊണ്ടേയിരുന്നു.

13 comments:

  1. മഴയുടെ മനോഹരമായ കുട്ടിക്കാലം..

    ReplyDelete
  2. മഴപോലെ സുന്ദരം...അമ്മുക്കുട്ടിയെ പോലെ നിഷ്കളങ്കം

    ReplyDelete
  3. മഴയുടെ മിഴിനീർ..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  4. എന്നിട്ട് മഴപെയ്തു തോര്‍ന്നപ്പോള്‍ അമ്മുക്കുട്ടിക്ക് എന്തു സംഭവിച്ചു?

    ReplyDelete
  5. ചിലരങ്ങനെയാണ്; അവർക്ക് എപ്പോഴും പടിക്കുപുറത്തായിരിക്കും സ്ഥാനം.

    ReplyDelete
  6. മഴ സുന്ദരം..കുട്ടിക്കാലവും.....

    ReplyDelete
  7. ഓ൪മകളിലെ കുട്ടിക്കാലത്തെ ഓ൪മിപ്പിച്ചതിന് നന്ദി...
    നന്നായിട്ടുണ്ട്........

    ReplyDelete