
കശുമാവാറ്റിന്റെ
അഗ്നി പര്‍വ്വതം പുകയുന്ന,
ഗോവന്‍ ആന്റിയുടെ,
പൂമുഖത്ത്....
ജുഹു ബീച്ചിലെ
മുളംകാടിനുമുമ്പില്‍
ഊഴം കാത്തു നില്ക്കുന്ന
നിഴല്‍ രൂപങ്ങള്‍ക്കിടയില്‍...
റയില്‍വേ സ്റ്റേഷനിലെ
കോണിപടിക്കുതാഴെ
ചോരയൊട്ടിക്കിടക്കുന്ന
വെളുത്ത മുണ്ടിനടിയില്‍...
മനോരഞ്ജന്‍പാര്‍ക്കിലെ
ബോഗണ്‍വില്ലകള്‍ക്കിടയില്‍
ജീവിതമൂതി രസിക്കുന്ന
ചരസികളുടെ കൂട്ടത്തില്‍...
പീലഹൌസിലെ*
മോത്തി തിയ്യേറ്ററിനുള്ളില്‍
ചുറ്റി പുണര്‍ന്നു പുളയുന്ന
നിഴല്‍ ചിത്രങ്ങള്‍ക്കുമുമ്പില്‍...
ഇല്ല, ഇവിടെയൊന്നും...
റയില്‍വേ കോളണിയിലെ,
വിയര്‍പ്പു തങ്ങുന്ന
കുടുസ്സുമുറിയില്‍,
ചുണാ,മ്പടര്‍ന്നു ചിതറിയ
തറയില്‍,
ഇരുട്ടിനോടും നിശബ്ദതയോടും
സല്ലപിച്ച്,
സ്വപ്നങ്ങളോട് കലഹിച്ച്,
കിടപ്പുണ്ട്, ഞാന്‍...
*****************
പീലാഹൌസ് : മുംബയിലെ ഒരു വേശ്യാതെരുവ്