Friday, November 4, 2011

അമ്മക്കാഴ്ചകള്‍




അമ്മേ,
ഓരോ മുറിയിലും പതറി നടന്ന്
പരതുന്നത് ആരെയാണ് ?

വടക്കിനിയിലെ വാതില്‍ പൊളിക്കു
പിന്നില്‍
ആരും ഒളിച്ചിരിപ്പില്ലമ്മേ ...
അടുക്കളയില്‍ പഞ്ചാര പാത്രം
തൂവി പോയിട്ടുമില്ല.

നോക്കമ്മേ,
ഇടനാഴിയില്‍, വടക്കേ അറയില്‍ ,
കിഴക്കിനിയില്‍ ,
എവിടെയും, കൂവ്വപ്പീപ്പി യോ
ഓലപ്പമ്പരമോ , പ്ലാവില തൊപ്പിയോ
ചിതറിക്കിടപ്പില്ല.

ചുമരില്‍ ചെങ്കലുകൊണ്ട്
വികൃതമായ് കോറിയ
ആദ്യക്ഷര കൌതുകങ്ങളില്ല .
വിളറിയ നേര്യെതിന്‍
തുമ്പത്ത്,
അഴുക്കു പുരണ്ട
കുഞ്ഞു വിരലുകളില്ല .

തൊടിയില്‍ ,
കൃഷ്ണക്കിരീടവും , സൂര്യകാന്തിയും ,
പത്തു മണി പൂവും , നന്ത്യാര്‍വട്ടവും
വിരിഞ്ഞിട്ടില്ല .

കാറ്റില്‍ വീഴുന്ന ഓരോ
മാമ്പഴവും
മാഞ്ചോട്ടില്‍ തന്നെ കിടപ്പുണ്ടമ്മേ ...

ഇറയത്ത്‌ തിരുകിയ വടിയില്‍
കൈയും വെച്ച്
ആരെയാണമ്മേ കാത്തിരിക്കുന്നത് ?
മുട്ടോളം പുരണ്ട
പൂഴിമണല്‍ കാലുമായി
അമ്മയുടെ മകന്‍ കയറി വരില്ലമ്മേ....

വഴിത്തെറ്റി പോയ കാലത്തെ
നേര്‍വഴിയെ കൊണ്ട് വരാന്‍
ഒരു വടിയൊടിക്കമ്മേ...

10 comments:

  1. കവിത ഹൃദ്യമായി. അഭിനന്ദനങ്ങള്‍.
    അവസാന മൂന്നു വരികള്‍ പ്രമേയത്തോട് ചേരുന്നുണ്ടോ എന്നൊരു ചെറിയ സംശയം മാത്രം.

    ReplyDelete
  2. മനോഹരമായ ബിംബ കല്‍പ്പനകള്‍., അര്‍ത്ഥ പൂര്‍ണ്ണത,സ്വപ്നം കാണാന്‍ ഒരുപാട് മേച്ചിന്‍പുറങ്ങള്‍ .
    ഒരുപാട് ഇഷ്ടപ്പെട്ടു

    ReplyDelete
  3. കവിതയുടെ നെര്യതിന്‍ തുമ്പത്ത് ഒരു കുഞ്ഞു വിരല്‍ ഉണ്ടമ്മേ

    ReplyDelete
  4. മനോഹരമായ കവിത ,മാത്രുസ്നേഹത്തിന്റെ ഉദാരത,ആശംസകൾ...

    ReplyDelete
  5. മടങ്ങി വരാത്ത കാലത്തിനായി ഒരമ്മ കാത്തിരിയ്ക്കുന്നു വാക്കുകളെല്ലാം അമ്മയുടെ മുലപ്പാലിന്‍ മണമുണ്ട് രുചിയുണ്ട്

    ReplyDelete
  6. കൊള്ളാം..നന്നായിട്ടുണ്ട്

    ReplyDelete
  7. മനസ്സില്‍ തട്ടിയ ഒരു കവിത
    മിടുക്കന്‍!!!!!!!!!
    ആശംസകള്‍

    ReplyDelete
  8. കുരുത്തം കെട്ട കാലത്തിലേക്ക് ഇറങ്ങിപോയ മകന്‍...
    നന്നായിരിക്കുന്നു. ഹൃദയസ്പര്‍ശിയായി.

    ReplyDelete
  9. orammayude kathirippu ethilum bhangiyayi ezhuthan kazhiyila

    ReplyDelete