Wednesday, May 18, 2011

അഭയാര്‍ഥികള്‍




പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

Wednesday, May 4, 2011

വാല്



എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!

Tuesday, March 22, 2011

ട്രാക്കില്‍ കണ്ടത്




മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !


തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

"അച്ഛാ" യെന്ന് മക്കളും
"ചേട്ടാ" യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
"പറ്റിച്ചേ " യെന്ന് പൊട്ടിച്ചിരിക്കണേ നിഷ്കളങ്കാ ... ..

Thursday, December 9, 2010

മരിച്ചവര്‍ കൊണ്ടുപോകുന്നത്




ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

നാരായണന്‍ നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന്‍ കുന്ന്

...........................
............................
.........................

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?

Thursday, November 18, 2010

മുള്ളു പാതകള്‍



ഇരുപത്തിയെട്ടിനു കെട്ടിയ
കറുത്ത ചരട്.
തോന്നികുരുമ്പില്‍ നിന്നും
പൂജിച്ചു വാങ്ങിയ വെള്ളി തകിട്
മണ്ണാന്‍ കേശവന്‍ ജപിച്ചൂതിയ
മഞ്ഞ ഉറുക്ക്.
എന്നിട്ടും ,പത്തില്‍ വെച്ചെന്നെ
'വയലാറിന്റെ 'പ്രേതം പിടികൂടി ..

ദിക്കറിയാതെ മനസ്സ് നടത്തിയ
ബൊഹീമിയന്‍ യാത്രകള്‍
വായനാ മുറിയിലെ
വിളര്‍ത്ത വെളിച്ചത്തിലൂടെ ഊര്‍ന്നു വീണ
ചിലിയന്‍ രുധിരാക്ഷരങ്ങള്‍
കാതിനെ തുളച്ച ബൊളീവിയന്‍ ഗര്‍ജനം
എന്നിട്ടും, കോളേജില്‍ വെച്ചെന്നെ
"നന്ദിത" പ്രണയ തടവിലാക്കി


"മരിയ" ഉറക്കം നടിച്ചുറങ്ങും
ജുഹുവിലെ "പീത സായന്തന"ത്തിലോ ?
പരിചിതമായ ഗോവന്‍ തെരുവിലെ
കശുമാ ചോട്ടിലോ ....
ഞാന്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ
"ജലരഹിതമായി" കുടിച്ചിറക്കി ....

ഇന്ന് ,
ഒരു കണ്ണില്‍ ചോരയും
മറു കണ്ണില്‍ അഗ്നിയുമായി
സച്ചിദാനന്ദന്‍

നുരുങ്ങാക്ഷരങ്ങളില്‍
ഉദ്ബോധനത്തിന്റെ
ജൈവ കോശങ്ങള്‍ നിറച്ച്
കെ ജി ശങ്കര പിള്ള

അബോധത്തിന്റെ
അടിത്തട്ടിലെവിടെയോ
കവിതയുടെ വേശ്യ ഗൃഹമുണ്ടെന്നു
മന്ത്രിച്ച്‌ എ അയ്യപ്പന്‍



ഇനി, ഏതു വിഷം കുത്തി വെച്ചാല്‍
കവിതയുടെ നരകത്തീരതടിയാം
എന്നറിയാതെ ഉഴറി ഞാന്‍.......

*********************
മരിയ,പീത സായന്തനം ,ജലരഹിതമായ ...എല്ലാം ചുള്ളികാടിന്റെ എവിടെ ജോണിലെ പ്രയോഗങ്ങള്‍

Wednesday, July 14, 2010

കണ്ണനും രാധയും




പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Wednesday, March 24, 2010

മാവേ....പൂക്കില്ലേ?????????????




ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല


നാളെ തന്നെ ഊഞ്ഞാലിടാം
ചോട്ടില്‍ തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം

പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?


ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..
Tags:


Share

Thursday, February 4, 2010

വികസനം



പണ്ട്,
തൊടികള്‍ നിറയേ,
നല്ല മധുരമുള്ള
ഇളം പച്ച പുല്ലുകളായിരുന്നു.

എതോ അര്‍ദ്ധരാത്രിക്ക്
പടിഞ്ഞാറുനിന്നും വെട്ടിയ
ഇടിക്കാണ്, ചെറുകൂണുകള്‍
പൊട്ടിമുളച്ചത്.

ഇന്ന്,
തൊടികള്‍ നിറയെ,
നിരനിരയായ്
വിഷകൂണുകള്‍..

പ്രകൃതിയെയും കാലത്തേയും
വെല്ലുവിളിച്ച്,
തലയുയര്‍ത്തി .....

Friday, January 22, 2010

നാഗരികത



ഇല്ലായ്മയുടെ അടുക്കളപുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പകഷണവും
കരണ്ടു തീര്ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്‍മൂലനം ചെയ്യുന്നു..

നിന്‍റെ അണലീ ദംശനമേറ്റ്,
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദയം കൊലച്ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

Thursday, December 24, 2009

തിരച്ചില്‍



കശുമാവാറ്റിന്‍റെ
അഗ്നി പര്‍വ്വതം പുകയുന്ന,
ഗോവന്‍ ആന്‍റിയുടെ,
പൂമുഖത്ത്....

ജുഹു ബീച്ചിലെ
മുളംകാടിനുമുമ്പില്‍
ഊഴം കാത്തു നില്ക്കുന്ന
നിഴല്‍ രൂപങ്ങള്‍ക്കിടയില്‍...

റയില്‍വേ സ്റ്റേഷനിലെ
കോണിപടിക്കുതാഴെ
ചോരയൊട്ടിക്കിടക്കുന്ന
വെളുത്ത മുണ്ടിനടിയില്‍...

മനോരഞ്ജന്‍പാര്‍ക്കിലെ
ബോഗണ്‍വില്ലകള്‍ക്കിടയില്‍
ജീവിതമൂതി രസിക്കുന്ന
ചരസികളുടെ കൂട്ടത്തില്‍...

പീലഹൌസിലെ*
മോത്തി തിയ്യേറ്ററിനുള്ളില്‍
ചുറ്റി പുണര്‍ന്നു പുളയുന്ന
നിഴല്‍ ചിത്രങ്ങള്‍ക്കുമുമ്പില്‍...

ഇല്ല, ഇവിടെയൊന്നും...


റയില്‍വേ കോളണിയിലെ,
വിയര്‍പ്പു തങ്ങുന്ന
കുടുസ്സുമുറിയില്‍,
ചുണാ,മ്പടര്‍ന്നു ചിതറിയ
തറയില്‍,
ഇരുട്ടിനോടും നിശബ്ദതയോടും
സല്ലപിച്ച്,
സ്വപ്നങ്ങളോട് കലഹിച്ച്,
കിടപ്പുണ്ട്, ഞാന്‍...

*****************
പീലാഹൌസ് : മുംബയിലെ ഒരു വേശ്യാതെരുവ്

Tuesday, December 15, 2009

കരിനാഗങ്ങള്‍



ഇത്രമാത്രം
കരിനാഗങ്ങള്‍ എവിടെ നിന്നാണു
വന്നത്?

കൊടിയ വിഷത്തിന്റെ
രസസഞ്ചി പേറി
നിഴലിന്‍റെ മറപറ്റി
ഏതു മാണിക്ക്യകല്ലു തേടിയാണവ
ഇഴഞ്ഞു നീങ്ങുന്നത്?

കുറ്റികാട്ടിനുള്ളില്‍ നിന്നും
ഇലയനക്കം ഞാനും കേട്ടതാണ്......

ദംശനം.....ദംശനം.....ദംശനം.....

എത്രപേര്‍...?
എത്ര തവണ...?

സന്ധ്യയുടെ അവസാനതുള്ളി
രക്തവുമൂറ്റി, ദാഹം തീര്‍ത്ത്,
വിറകൊള്ളുന്ന കടല്‍...

വിയൊര്‍ത്തൊലിച്ച
കാറ്റിന്‍റെ ശീല്‍ക്കാരങ്ങള്‍...

ശാന്തം....ശാന്തം....ശാന്തം....

പൊട്ടിയൊലിക്കുന്ന വഴിവിളക്കിന്‍റെ
ചോട്ടില്‍
ഒട്ടിയ നോട്ടെണ്ണുന്ന
നീലിച്ച ശരീരം.

എത്ര പെട്ടന്നാണ്
രക്തധമനികളില്‍
വിഷം അരിച്ചു കയറിയത്..!

കണ്ണിലെ നക്ഷത്രങ്ങളെല്ലാം
അടര്‍ന്നു വീണത്!

വിവേകത്തിന്‍റെ പടമുരിഞ്ഞു
വികാരം ഫണം വിടര്‍ത്തിയത്!

പാതിപിളര്‍ന്ന നാവ് നീട്ടി,
ഇരുളോരം പറ്റി,
പഞ്ചാരമണലിലൂടെ,
മാണിക്യകല്ലു തേടി,
ഇഴഞ്ഞ്... ഇഴഞ്ഞ് ...ഇഴഞ്ഞ്

(ജുഹുവിലെ സ്ഥിരം കാഴ്ചയാണിത്..)

Saturday, November 14, 2009

പ്രിയേ...കവിതേ....

പ്രിയേ...കവിതേ....
വംശവും നാശവുമില്ലാത്തവളേ...
കനലിലും പൊടിക്കുന്നവളെ...
എന്നാണ്, എന്‍റെ നനവാര്‍ന്ന
ചതുപ്പിലും മുളപൊട്ടുക?

പ്രിയേ...കവിതേ....
ശവപറമ്പിലും കറുകനാമ്പായവളേ,
വിശപ്പിനൊപ്പം ലഹരിയായ്
നുരഞ്ഞവളെ.....
എന്നാണ്, എന്‍റെ തണുത്താറിയ
കഞ്ഞിവെള്ളത്തിലും, കണ്ണിരിനൊപ്പം
ഉപ്പായ് അലിയുക?

പ്രിയേ...കവിതേ...
മുഷിഞ്ഞ തോള്‍ സഞ്ചിക്കൊപ്പം
ഊരു തെണ്ടിയവളെ...
കടത്തിണ്ണയിലും, ചാരായഷാപ്പിലും
വ്യഭിചാരശാലയിലും
അന്തിയുറങ്ങിയവളെ...

ഏതു നട്ടപാതിരക്കാണ്
എന്‍റെ ചെറ്റകുടിലിന്‍റെ
വാതിലും മുട്ടുക ?

Wednesday, September 23, 2009

***അന്നും ഇന്നും***




അന്ന്
അവന്‍റെ പ്രണയം
രക്തത്തിലലിഞ്ഞെന്നു കരുതിയാണ്
കൈ ഞരമ്പ് മുറിച്ചത്

ഒഴുകിയിറങ്ങുന്ന രക്തതുള്ളികളില്‍
കാളകൂടം പോലെ പ്രണയം നുരഞ്ഞു
പൊന്തിയിരുന്നു...

അസ്വസ്ഥതകള്‍ നിറഞ്ഞ്
ഉറക്കമില്ലാത്ത രാവുകളില്‍
കോറിയിട്ട, കണ്ണിരു വീണ്
പടര്‍ന്ന അക്ഷരങ്ങളിലൂടെ
ലോകം എന്‍റെ പ്രണയത്തെ ഊറ്റിക്കുടിക്കും
എന്ന് കരുതിയാണ്
ഡയറി കത്തിച്ചു കളഞ്ഞത്.....

ഇരുട്ടുമാത്രമുള്ള മുറിയില്‍
ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
വേഴ്ച നടത്തിയതിനാണ്
മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്

ഇന്ന്,
ഒരു സ്നേഹമരത്തിന്‍റെ തണലില്‍
അരുമക്കിടാങ്ങളുടേ വാത്സല്യചൂടില്‍
മനസ്സ് നിറഞ്ഞിരിക്കുമ്പോഴും
ഇടതു കൈത്തണ്ടയിലെ ചെറുമുറിപ്പാടിലൂടെ
പ്രണയം പല്ലിളിക്കുന്നു......
മറവിയെ കാര്‍ന്നു തിന്ന്,
വഞ്ചനയുടെ മുഖവുമായി
അതെന്നെ പരിഹസിക്കുന്നു

Thursday, September 17, 2009

വാക്ക്




ഞാനെന്‍റെ വാക്കിനു
പാലും പഴവും
നെയ്യും വയമ്പും നല്‍കി .

കുളിപ്പിച്ച്,
പുത്തനുടുപ്പിച്ച്
സുന്ദരനാക്കി.


ഇരവും പകലും
പിരിയാതെയിരുന്നു
പുസ്തകം തീറ്റി.

നേദിച്ച വെണ്ണയും
സംസം തീര്‍ത്ഥവും
വിശുദ്ധ അപ്പവും
കൊടുത്തു

താടിയും മുടിയും നീട്ടി
ഭസ്മം പൂശി
ദേശാടനത്തിനയച്ചു.


എന്നിട്ടും
നിന്‍റെ വാക്കോളം
വളര്‍ന്നില്ല

ഒടുവില്‍,

കുരുടനാക്കി,
ചെകിടനാക്കി,
മദ്യപനാക്കി,
ഭ്രാന്തനും
പ്രാകൃതനുമാക്കി
വേഷം കെട്ടിച്ചു

എന്നിട്ടും!

ഇനി നഗ്നനായി നടത്തിക്കാം
ആരങ്കിലും കല്ലെറിയാതെയിരിക്കില്ല

Friday, May 29, 2009

നഗരം..ഒരു ദിനം



പുലരി,
കട‍തിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മൂരി നിവര്‍ത്തി
വെയില്‍ നോക്കി
പല്ലിളിച്ചു

പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി

സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു

രാവ്
ഇരുളില്‍ നിന്നും
നിഴല്‍ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റി

Monday, January 12, 2009

...പുഴ....



തുറിച്ചുന്തിയ കണ്ണില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍
ജീവന്‍റെ ശേഷിപ്പ്.....

വരണ്ടു പൊട്ടിയ ചുണ്ടത്ത്
നനവ് തൊടീച്ച്
വേനലിന്‍റെ കനിവ്

കാലം കഴിഞ്ഞിട്ടും
കുംഭമൊഴിക്കാതെ
ആടിയുടെ ചതിവ്

ശോഷിച്ച ശരീരത്തിലും
ആസക്തി തീര്‍ത്ത്
മനുഷ്യന്‍റെ നെറിവ്

യുഗങ്ങളെ പാലൂട്ടിയൊരമ്മേ
ഇതു നിന്‍റെ ഒടുവ്

ഇനിയെത്തും പകല്‍
നിനക്ക് പട്ടട തീര്‍ക്കും
രാവ് ശവക്കച്ച വിരിക്കും
നാളത്തെ പുലരി തന്നെ
നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....

അതിനു മുമ്പേ
എനിക്കുണ്ണണം
അനേകമാത്മാക്കളെ ഊട്ടിയ
നിന്‍റെ കൈകൊണ്ട്
ഒരുരുള ബലിച്ചോറ്